06:10pm 28 July 2026
NEWS
ഇഡ്ഡലിയിൽ പ്ലാസ്റ്റിക് അംശം; ബംഗളുരുവിലെ ഭക്ഷണപ്രിയർ പരിഭ്രാന്തിയിൽ
03/03/2025  11:53 AM IST
വിഷ്ണുമംഗലം കുമാർ
ഇഡ്ഡലിയിൽ പ്ലാസ്റ്റിക് അംശം; ബംഗളുരുവിലെ ഭക്ഷണപ്രിയർ പരിഭ്രാന്തിയിൽ

 ബംഗളുരു ഉൾപ്പെടെയുള്ള കർണാടക നഗരങ്ങളിലെ ഹോട്ടലുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന പലഹാരം ഇഡ്ഡലിയാണ്. ഇഡ്ഡലി-സാമ്പാർ, ഇഡ്ഡലി-വട എന്നിവ ആളുകളുടെ ഇഷ്ടവിഭവങ്ങളാണ്. മുമ്പൊക്കെ ഹോട്ടലുകളിലും മറ്റും ജോലിക്കാർ മാവരച്ച് സാധാരണപാത്രങ്ങളിലാണ് ഇഡ്ഡലി ഉണ്ടാക്കിയിരുന്നതെങ്കിൽ ഹോട്ടൽവ്യവസായം ഹൈ ടെക് ആയതോടെ ഇഡ്ഡലി നിർമ്മാണ പ്രക്രിയയിലും മാറ്റം വന്നു. ഓരോ മിനിറ്റിലും നൂറുകണക്കിന് ഇഡ്ഡലികൾ ഉൽപ്പാദിപ്പിക്കുന്ന ഓട്ടോമാറ്റിക് ഇഡ്ഡലി മേക്കിങ് മെഷീനുകൾ ചെറുകിട ഹോട്ടലുകളിൽ പോലും കാണാം. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സ്വകാര്യ പാർട്ടികൾ തുടങ്ങിയവയ്ക്ക് ഇഡ്ഡലികൾ ഹോൾസെയിലായി സപ്ലൈ ചെയ്യുന്ന ഫാക്ടറികൾ തന്നെ ബംഗളുരു പോലുള്ള നഗരങ്ങളിലുണ്ട്. പല ഹോട്ടലുകളിലും കിട്ടുന്നത് ഇത്തരം ഫാക്ടറികളിൽ നിന്ന് ചൂടോടെ സപ്ലൈ ചെയ്യുന്ന ഒരേ രുചിയും നിലവാരവുമുള്ള ഇഡ്ഡലികളായിരിക്കും. ചപ്പാത്തി, പൊറാട്ട തുടങ്ങിയവയും ഇതുപോലെ ഫാക്ടറികളിൽ തയ്യാറാക്കി ഹോട്ടലുകൾക്ക് വിതരണം ചെയ്യുന്ന സംവിധാനം കേരളത്തിലെ പട്ടണങ്ങളിലുണ്ടല്ലോ. ഈയ്യിടെ ബംഗളുരുവിലെ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ 251 ഹോട്ടലുകളിലെ ഇഡ്ഡലി സാമ്പിൾ പരിശോധിച്ചപ്പോൾ 51ലും മായം കലർന്നിട്ടുള്ളതായി കണ്ടെത്തി. വിശദമായി പരിശോധന നടത്തിയപ്പോൾ കനംകുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകൾ മാവ് ഒഴിക്കുന്നതിന് മുമ്പ് സൗകര്യത്തിനായി ഇഡ്ഡലി തട്ടുകളിൽ വെക്കുന്നതായും ആവിയന്ത്രത്തിലെ ഉയർന്ന ചൂടിൽ ഇഡ്ഡലി വെന്തു പാകമാകുമ്പോൾ ഈ പ്ലാസ്റ്റിക് ഷീറ്റുകൾ ഉരുകി ഇഡ്ഡലിയിൽ ചേരുന്നതായും കണ്ടെത്തുകയുണ്ടായി. നിലവാരം കുറഞ്ഞ, ഭക്ഷണം പാക്ക്‌ ചെയ്യാൻ പോലും ഉപയോഗിക്കാൻ പാടില്ലാത്ത പ്ലാസ്റ്റിക് ഷീറ്റുകളാണ് ഇഡ്ഡലി ഉണ്ടാക്കാൻ ഉപയോഗപ്പെടുത്തിയിരുന്നത്. ഇത് ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് ഭക്ഷ്യ സുരക്ഷ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കമല വർധന റാവു പറഞ്ഞു. ഭക്ഷ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു ഇടപെട്ട് ഇഡ്ഡലി നിർമ്മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കുകയും ഈ പ്രശ്നത്തെ പറ്റി വിശദമായി അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. വർഷങ്ങൾ പലതായി ബംഗളുരുവിലും മറ്റും ഇഡ്ഡലി ഉണ്ടാക്കുമ്പോൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചു വരുന്നുണ്ട്. എത്രയോ ലക്ഷം ആളുകൾ പതിവായി ഇത്തരം ഇഡ്ഡലികൾ കഴിച്ചിട്ടുണ്ട്. അവരിൽ പലരും നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഇതും കാരണമായിട്ടുണ്ടാകാം. ഹോട്ടൽ വ്യവസായ രംഗത്തെ വ്യാപകമായ യന്ത്രവൽക്കരണം ക്ഷണിച്ചുവരുത്തുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നുമാത്രമാണിത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img